04:14pm 30 August 2026
NEWS
വിഴിഞ്ഞം: ആഗോള വ്യാപാരത്തിന്റെ പുതിയ വാതിൽ തുറന്ന് കേരളം
30/08/2026  01:44 PM IST
ന്യൂസ് ബ്യൂറോ
വിഴിഞ്ഞം: ആഗോള വ്യാപാരത്തിന്റെ പുതിയ വാതിൽ തുറന്ന് കേരളം

തിരുവനന്തപുരം:​സമ്പൂർണ കയറ്റുമതി-ഇറക്കുമതി  തുറമുഖമായി മാറിയതോടെ ആഗോള മാരിടൈം ഭൂപടത്തിൽ വിഴിഞ്ഞം ചരിത്രപരമായ മുന്നേറ്റം കുറിക്കുകയാണ്. ലോകത്തെ 107 തുറമുഖങ്ങളിലേക്ക് നേരിട്ട് സർവീസുള്ള രാജ്യത്തെ ഏക തുറമുഖമായ വിഴിഞ്ഞം, കേരളത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും വ്യവസായ-വാണിജ്യ മേഖലകൾക്ക് വൻ കുതിപ്പേകും.
 മുൻപ് കൊച്ചി, ദുബായ്/കൊളംബോ വഴി സ്പെയിനിലെ വലൻസിയയിലേക്ക് ചരക്കെത്താൻ 50 മുതൽ 60 ദിവസമെടുത്തിരുന്ന സ്ഥാനത്ത്, വിഴിഞ്ഞത്തുനിന്നുള്ള മദർ വെസൽ വഴി 28 ദിവസം കൊണ്ട് ചരക്ക് ലക്ഷ്യസ്ഥാനത്തെത്തും. ഇടനില തുറമുഖങ്ങളുടെയും ട്രെയിലർ വാടകയുടെയും അധികച്ചെലവ് ഒഴിവാകും.
​ ആദ്യ വർഷം തന്നെ 2.3 ദശലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത വിഴിഞ്ഞം, ഇന്ത്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകളുടെ 30% വിഹിതം കൈയാളുന്നു. 400 മീറ്റർ നീളമുള്ള ഭീമൻ മദർ വെസലുകൾ അടുപ്പിക്കാൻ ശേഷിയുള്ള രാജ്യത്തെ മുൻനിര ഹബ്ബായി ഇത് മാറി.
​ അഞ്ച് വർഷത്തിനകം തിരുവനന്തപുരത്ത് 50-ലധികം ശീതീകരിച്ച ഭക്ഷ്യസംസ്കരണ യൂണിറ്റുകളും ഡസനിലേറെ ലോജിസ്റ്റിക്സ് പാർക്കുകളും കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകളും നിലവിൽ വരും. നാവായിക്കുളം വരെയുള്ള ഔട്ടർ റിംഗ് റോഡ് കേന്ദ്രീകരിച്ച് വൻ വ്യവസായ ഇടനാഴി രൂപപ്പെടും. തമിഴ്‌നാട്ടിലും വലിയ വ്യവസായ നിക്ഷേപങ്ങൾക്ക് ഇത് വഴിയൊരുക്കും.
 സമുദ്രവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുഅണ്ടി, കയർ, കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആഗോള വിപണിയിലേക്ക് നേരിട്ടുള്ള വേഗമേറിയ പാത തുറന്നു.
​ തുറമുഖ ശേഷി 1.6 ദശലക്ഷത്തിൽ നിന്ന് 5.7 ദശലക്ഷം കണ്ടെയ്നറുകളായി ഉയർത്താൻ അദാനി ഗ്രൂപ്പ് 16,000 കോടി രൂപയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.
​റോഡ്-റെയിൽ കണക്റ്റിവിറ്റിയും വിമാനത്താവളവും സംയോജിപ്പിച്ചുള്ള മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ശൃംഖല പൂർത്തിയാകുന്നതോടെ വിഴിഞ്ഞം ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ മാരിടൈം ഹബ്ബായി മാറും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img